തനിയാവർത്തനം - ഭാഗം രണ്ട് - വലിയമ്മ

അങ്ങനെ അഞ്ചു ആണ്ട് ബലി കഴിഞ്ഞ ഒരു വേനൽ കാലം. ഞാനും വലിയമ്മയും മൂപ്പത്തിയാരുടെ മകനും കൂടെ മധുരൈ മീനാക്ഷി അമ്മനെ കാണാൻ ആയി അവിടെ പോകുന്നു. മീനാക്ഷിയും സുന്ദരേശനും അലങ്കാര ഗോപുരങ്ങളും ഒക്കെ കൂടെ അതി ഗംഭീരവും മനസ്സിനെ ശാന്തവു മാക്കുന്ന ഒരു അന്തരീക്ഷം. എല്ലാം ആസ്വദിച്ചു ഞങൾ ഇങ്ങനെ നടന്നു. ദൈവഹിതം ആണല്ലോ സർവതും.വലിയമ്മ വേച്ചു വേച്ചു ആണ് നടക്കുന്നെ. ഇടക്ക് എവിടെ എങ്കിലും നിൽക്കുമ്പോൾ ശരീരത്തിൻ്റെ വലതു ഭാഗം നന്നായി വിറക്കുന്നുണ്ട്. ആ കൈ ഞാൻ പിടിച്ചോണ്ട് മെല്ലെ നടന്നു.
ക്ഷേത്ര ദർശനത്തിൻ്റെ ഭാഗമാണല്ലോ മസാല ദോശ. അത് കഴിക്കാതെ ഒരു പൂർണത ഇല്ലലോ. അങ്ങനെ ഞങൾ തൊട്ടു അടുത്തുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി. നല്ല ആവി പറക്കുന്ന ദോശ മുന്നിൽ എത്തിയതും വലിയമ്മയുടെ വലതു കൈ വിറക്കാൻ തുടങ്ങി. ഞാൻ പതുക്കെ ആ ദോശ കീറി മുറിച്ചു ഇട്ടു കൊടുത്തു. ആരേലും ഒക്കെ ഈ വിറയൽ കണ്ടാലോ എന്ന പേടിയാണ്. പാർക്കിൻസൺസ് എന്ന രോഗം ആണ് എന്ന് ഞങ്ങൾക്ക് മാത്രം അല്ലെ അറിയൂ.
ഈ അവസ്ഥ കണ്ട് മനസ്സൊന്നു പിടഞ്ഞു. ഇതെല്ലാം കണ്ടോണ്ട് പുള്ളിക്കാരീടെ മകൻ ഇരിപ്പുണ്ട്. ഞാൻ അവനെ ഒന്നു രൂക്ഷമായി നോക്കി. അവൻ ഭാവ ഭേദമില്ലാതെ ദോശ കഴിക്കുന്നു.
ഇതെന്താ ഇങ്ങനെ ഒരു മക്കൾ എന്ന് ഓർത്തു ഞാൻ കാപ്പി ഊതി ഊതി കുടിച്ചു. അന്നു രാത്രി ഞങൾ ട്രെയിൻ ഇൽ തിരികെ പോരുമ്പോൾ ഞാൻ അവനോട് ചോദിച്ചു.
'എന്താടാ, നിങ്ങൾ വേറെ ഡോക്ടർ നേ കാണിക്കാതെ? പാർക്കിൻസൺസ് എന്താ നിസ്സാരം ആണോ?
അവൻ ഒന്നു നിവർന്നു ഇരുന്നു. വ്യാകുലതയോടെ പറഞ്ഞു.
'എൻ്റെ ചേച്ചി, ഇത് പാർക്കിൻസൺസ് അല്ല.അമ്മയുടെ എല്ലാ റിസൾട്ടും നെഗറ്റീവ് ആണ്. ഇത് ഒരു സൈക്കോളജിക്കൽ ഡിസോർഡർ ആണ്'
എന്നിട്ട് വായിൽ കൊള്ളാത്ത ഒരു പേരും കൂടെ അവൻ പറഞ്ഞു. ഒരു നിമിഷം ഞാൻ ഞെട്ടി ഇരുന്നു പോയി. മനസില് പ്രശ്നം ഉണ്ടായാൽ ശരീരത്തിൽ അതൊക്കെ വരുമോ. ഇതൊക്കെ എന്തു വൈദ്യ ശാസ്ത്രത്തിൽ ആണ് പറഞ്ഞിരിക്കുന്നത് അപ്പൊ മനസ്സാണ് എല്ലാം എന്ന് പണ്ട് ആരോ പറഞ്ഞത് സത്യം ആണോ?
വലിയമ്മയുടെ അസുഖം അപ്പൊ മാനസികം ആണോ. അങ്ങനെ എങ്കിൽ ഇത് എങ്ങനെ ഭേദമാവും?
മനസ്സ് ശെരി ആകുമ്പോളോ?
ഇതൊക്കെ ആലോചിച്ചു ഒരു ചൂട് ചായ കുടിച്ചിട്ട് ഞാൻ ലോവർ ബെർത്തിൽ കിടക്കുന്ന വലിയമ്മയെ നോക്കി.
ഉറക്കത്തിലും അവരുടെ വലതു കൈകൾ വിറച്ചോണ്ട് ഇരുന്നു. ട്രെയിൻ അപ്പൊ മധുരൈ സ്റ്റേഷൻ കടന്ന് യാത്ര തുടർന്നു.
പിന്നെ വലിയമ്മ വീട് വിട്ടെങ്ങും പോയിട്ടില്ല.



Comments