തനിയാവർത്തനം - ഭാഗം ഒന്ന് - അമ്മമ്മ

തനിയാവർത്തനം (ബാലൻ മാഷിൻ്റെ അല്ല, എൻ്റെ)
കുറച്ചു കാലം മുന്നത്തെ കഥ ആണ് ഇത്. എന്ന് വെച്ചാൽ ഒരു 15 വർഷം മുൻപ്. ആ സമയത്ത് എൻ്റെ അച്ചാച്ചൻ - അച്ഛൻറെ അഛൻ അല്ല കേട്ടോ. അമ്മയുടെ അഛൻ. എങ്ങനെ ആ വിളിപ്പേര് വന്നു എന്ന് ചോദിച്ചാൽ, അത് ഞങ്ങളുടെ തലമുറയിലെ ആദ്യത്തെ സന്തതി, എൻ്റെ വലിയമ്മയുടെ മകൾക്ക് ഒരു ചെറിയ ആശയ കുഴപ്പം സംഭവിച്ചു. അപ്പൂപ്പനെ കേറി അച്ചാച്ചൻ എന്നു വിളിച്ചു. പിന്നെ വന്ന അടുത്ത സന്തതി ആയ എനിക്ക് അത് മാറ്റിക്കൂടാരുന്നോ എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ എനിക്ക് ആവർത്തനം ആണ് ഇഷ്ടം. അത് ഈ കഥയുടെ അവസാന ഘട്ടത്തിൽ നിങ്ങൾക്ക് മനസ്സിലാവും.
ആ.. അങ്ങനെ എൻ്റെ അച്ചാച്ചൻ ആരോഗ്യവാനും ദൈവ വിശ്വാസിയും സർവോപരി ഈ കുടുംബത്തിലെ കാരണവരും ആയി ഇരിക്കുന്ന കാലത്ത് ഒരു ജനുവരി മാസത്തിൽ, വീടിൻ്റെ ഏകദേശം തെക്ക് വടക്ക് മൂലയിൽ ഇരിക്കുന്ന ഒരു കരിങ്കല്ല് എടുത്തു പൊക്കി പറമ്പിലോട്ടു കൊണ്ട് പോയി ഇടാൻ തീരുമാനിക്കുന്നു. ദൈവഹിതം ആണല്ലോ സർവതും. ആ കല്ല് എടുത്തു പൊക്കിയ മൂപ്പർക്ക് എന്തോ ഒരു പന്തികേട് തോന്നി.
സുമതിയെ, കുറച്ചു വെള്ളം ഇങ്ങു എടുത്തേ
എന്നും പറഞ്ഞു തറയിൽ കുത്തിയിരുന്ന അച്ചാച്ചൻ പിന്നെ കണ്ണു തുറക്കുന്നത് ഒരു വലിയ ആശുപത്രി യിലെ ICU വിൽ ആണ്. പിന്നീടങ്ങോട്ട് എല്ലാ മക്കളും മരുമക്കളും കൊച്ചു മക്കളും പ്രാർത്ഥനയും മറ്റുമായി ആ ആശുപത്രിയിൽ കഴിച്ചു കൂടി. കൃത്യം ഒരു മാസവും, അഞ്ചു ദിവസവും കഴിഞ്ഞപ്പോൾ, അച്ചാച്ചൻ ഞങ്ങളെ വിട്ടു പോയി.
വീടിൻ്റെ പ്രധാന മുറിയിലെ തറയിൽ അച്ചാച്ചനേ കിടത്തിയിരിക്കുവാണ്. എല്ലാരും സങ്കടം അടക്കി കരയുന്നു. ചില നേരങ്ങളിൽ മക്കൾ പൊട്ടി കരയുന്നു. ഇടക്ക് ഇടക്ക് ആരൊക്കയാ വന്നു പൊട്ടി കരയുന്നുണ്ട്.
ഇതിൻ്റെ എല്ലാം ഇടയിൽ ഇന്നും മാറി, അമ്മമ്മ അടുക്കളയിൽ നിന്ന് വന്നവർക്കെല്ലാം കട്ടൻ കാപ്പി കൊടുക്കുന്ന തിരക്കിൽ ആണ്.
വീട്ടിലെ പ്രധാന കാര്യങ്ങൾ എല്ലാം ഇനി ഞങ്ങളുടെ ഉത്തരവാദിത്തം ആണ് എന്ന് തീരുമാനിച്ചു, മരുമക്കൾ ആയ അച്ഛനും, വലിയച്ഛനും, ചിറ്റപ്പനും എല്ലാം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.
മരണാന്തര ചടങ്ങുകൾ തുടങ്ങാൻ നേരം ആയി. എവിടെ ദഹിപ്പിക്കണം എന്നൊരു ചർച്ച ഒരുത്തിരിയുന്നു.
അമ്മ തീരുമാനിക്കട്ടെ,
അച്ഛൻ തീർത്തും പറഞ്ഞു.
എല്ലാർക്കും കാപ്പി കൊടുത്തിട്ട് ചിരിച്ചു കൊണ്ട് അമ്മമ്മ പുറത്തേക്ക് വന്നു.
'ആ തെക്കേ പറമ്പിൽ മതി. അതാ നല്ലത് '. അമ്മമ്മ ചിരിച്ചോണ്ട് പറഞ്ഞു.
എല്ലാരും ഒന്നു പരസ്പരം നോക്കി. എന്തോ പന്തികേട് പോലെ. അമ്മമ്മ ഒരു വട്ടം പോലും കരഞ്ഞില്ല. പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ചാച്ചൻനേ വിവാഹം കഴിച്ചതാണ്. മൂന്ന് പെണ്ണും ഒരു ആണ് മക്കളും ഉണ്ടായി. പരസ്പരം സ്നേഹിച്ചും കലഹിച്ചും ഒരു ഉയിർ പോലെ ജീവിച്ചിരുന്നവർ ആണ്.
അച്ചാച്ചൻ ആശുപത്രിയിൽ കിടന്ന ഓരോ ദിവസവും, അടുത്തുള്ള ശിവൻ്റെ അമ്പലത്തിൽ പോയി മൃത്യുഞ്ജയ ഹോമം നടത്തിയ ആൾ ആണ്.
എന്താ അമ്മക്കു പറ്റിയെ എന്ന് പെൺ മക്കൾ കരച്ചിലിൻ്റെ ഇടയിൽ പരസ്പരം പറഞ്ഞു.
അമ്മ എവിടേലും ഒന്നു ഇരുന്നെ എന്ന് ഒരേ ഒരു ആൺ സന്തതി പറഞ്ഞു.
അമ്മമ്മ കേട്ടില്ല. ചിരിച്ചോണ്ട് അതിലെ നടന്നു.
അച്ചാച്ചനേ ആ തെക്കേ പറമ്പിൽ തന്നെ ദഹിപ്പിച്ചു. അമ്മമ്മ ഒരു ദീർഘനിശ്വാസം വിട്ടു. അങ്ങനെ നിന്ന് ഒന്നൂടെ ചിരിച്ചു.
പിന്നെ അമ്മമ്മ ചിരിച്ചിട്ടില്ല.



Comments