തനിയാവർത്തനം - ഭാഗം മൂന്ന് - അമ്മ
- Anju Shylaja Kumar
- May 24
- 2 min read

വർഷങ്ങൾ പിന്നേം കടന്നു പൊയ്ക്കൊണ്ട് ഇരുന്നു. ഒടുവിൽ എല്ലാരേം മൂക്കും വായും മൂടി കെട്ടി വെക്കാൻ പഠിപ്പിച്ച കൊറോണ കാലം വന്നു ചേർന്നു. ലോകം മൊത്തം സ്തംഭിച്ച അവസ്ഥ. എൻ്റെ സ്വപ്നത്തിൽ പോലും ആളുകൾ മാസ്ക് ധരിച്ച് വന്നു ചേർന്ന്.
ദൈവഹിതം ആണല്ലോ സർവതും.
ഈ സമയത്ത് എൻ്റെ അനിയൻ്റെ ഭാര്യ ഒരു ആണ് കുഞ്ഞിന് ജന്മം നൽകുന്നു. യാദൃച്ഛികം എന്ന് പറയുന്നില്ല; മനഃപൂർവം തന്നെ ആ കുഞ്ഞിൻ്റെ പേര് അച്ചാച്ചൻ ൻ്റെ പേരിൻ്റെ വകഭേദം ആരുന്നു. അത് അവിടെ നിക്കട്ടെ. അതല്ല ഇവിടെ വിഷയം.
അപ്പൊ ഈ കുഞ്ഞും അമ്മേം അച്ഛനും എല്ലാം ഇവിടെ അടുത്തെങ്ങും അല്ല. കടല് കടന്നു അങ്ങ് അബു ദാബിയിൽ ആണ്. അപ്പൊ ഈ കുഞ്ഞിനെ പരിചരിക്കാൻ ഒരു സഹായം വേണമല്ലോ. കൂടാതെ സ്വന്തം മകൻ്റെ കടിഞ്ഞൂൽ സന്തതിയെ പരിപാലിക്കാൻ അച്ഛനും അമ്മക്കും ഒരു കൊതി. അങ്ങനെ കൊറോണ എല്ലാം വാതിലും കൊട്ടി അടുക്കുന്നതിന് മുന്നേ അവർ കടല് കടന്നു മകൻ്റെ വീട്ടിൽ എത്തുന്നു. കൊറോണ കാലം തുടങ്ങുന്നു.
ആദ്യം ഒക്കെ കുഞ്ഞിനെ കൊഞ്ചിച്ചും കളിപ്പിച്ചും അവർ സമയം പോക്കുന്നു. പതിയെ പതിയെ നാല് ചുവരിൽ കൊട്ടിയടച്ച ജീവിതത്തെ അവർക്ക് മടുപ്പായി തുടങ്ങിയോ എന്നൊരു സംശയം. മാത്രവുമല്ല ഇനി എന്ന് സ്വന്തം വീട്ടിൽ പോകാൻ പറ്റുമെന്ന് ഒരു അറിയിപ്പും ഇല്ല. അച്ഛൻ കിട്ടാവുന്ന പുസ്തകങ്ങൾ ഒക്കെ ഒന്നും രണ്ടും വട്ടം വായിച്ചു മടക്കുന്നു. അമ്മ ആണെങ്കിലോ കുഞ്ഞിന് പുതിയ പുതിയ ഭക്ഷണ പരീക്ഷണങ്ങൾ നടത്തി തളർന്നു ഇരിക്കുന്നു... കുഞ്ഞിന് ഇതൊന്നും അത്ര പിടിക്കുന്നില്ല കേട്ടോ. അവൻ ഒരു കില്ലാഡി ആണ്.
ഒരു ദിവസം എനിക്കൊരു ഫോൺ കോൾ വരുന്നു. അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന് പറഞ്ഞു. നെഞ്ചിൽ ഒരു ഇടി വെട്ടിയ പോലെ. ഈ കണ്ട ദൂരം അത്രേം താണ്ടി അമ്മ അങ്ങോട്ട് പോയത് അവിടെ കിടപ്പിൽ ആകാൻ ആണോ?
'മോളെ, അമ്മക്കു ശരീരം മൊത്തം വേദന ആണ്. പിന്നെ ഇടക്ക് ഇടക്ക് വിറയലും '
അച്ഛൻ്റെ സ്വരം ഇടറി..
'എന്താ ഇനി ചെയ്യാൻ ' ഞാനും അനിയനും തമ്മിൽ ചോദിച്ചു.
'അമ്മക്കു fibro myalgia ആണ് മോളേ, ഇതിന് നാട്ടിൽ വന്നാലേ ചികിത്സിക്കാൻ പറ്റൂ ' അച്ഛൻ പറഞ്ഞു ഉറപ്പിച്ചു.
ഇതെന്താ സാധനം! കൊറോണ തന്നെ കേട്ട് കേൾവിയില്ലാത്ത സംഭവം. അപ്പൊ ദേ വേറെ ഒരെണ്ണം.
ആർക്കും വലിയ ധാരണ ഇല്ല. ചാറ്റ് gpt എന്റെ നല്ല പാതി ആകുന്നതിന് മുന്നേ ഉള്ള കാലം അല്ലെ. ഗൂഗിൾ തന്നെ ശരണം. ഗൂഗിൾ പറയുന്നു ഇതൊരു മാനസികവും ശാരീരികവുമായ രോഗം ആണെന്ന്. അപ്പൊ അമ്മക്കു ഒരു നല്ല മനഃശാസ്ത്ര ചികിത്സ അല്ലേ വേണ്ടത്. ചോദ്യം എന്നോട് തന്നെ!
എങ്ങനെ എങ്കിലും തട്ടീം മുട്ടീം അവർ കൊറോണ കാലം തള്ളി നീക്കുന്നു. ഇതിൻ്റെ ഇടയിൽ അമ്മ ഒന്നു രണ്ടു വട്ടം അഡ്മിറ്റ് ആയി കേട്ടോ. വില്ലൻ മറ്റേ myalgia തന്നെ. നാട്ടിൽ തിരിച്ചു എത്തിയ ഉടൻ തന്നെ ഒരു നല്ല മനഃശാസ്ത്രജ്ഞയെ കാണിക്കുന്നു. അവർ ചികിത്സിക്കുന്നു. അമ്മ വീണ്ടും നല്ല മിടുക്കി ആകുന്നു.
പക്ഷേ
പിന്നെ അമ്മ ഇത് വരെ കടല് കടന്നു പോകാൻ ആഗ്രഹിച്ചിട്ടില്ല.
അപ്പൊ ഞാൻ പറഞ്ഞു വന്നത്... മനസ്സാണ് മനുഷ്യൻ്റെ എല്ലാം. ഒരിക്കൽ പിടി വിട്ടു പോയാൽ പിന്നെ തിരിച്ചു പിടിക്കാൻ നമ്മൾ തന്നെ വിചാരിക്കണം.
ഇത്തരത്തിൽ വീട്ടുകാരെയും ബന്ധുക്കളെയും ഒക്കെ കുറ്റം പറഞ്ഞു, ഒരു ചെറു പുഞ്ചിരിയോടെ ഞാൻ എൻ്റെ മേശ വലിപ്പിൽ നിന്നും വിഷാദ രോഗത്തിനുള്ള മരുന്നു കഴിച്ചിട്ട്, ഇന്നെങ്കിലും ഒന്നു നന്നായി ഉറങ്ങാൻ പറ്റണേ എന്ന് സർവ ദൈവങ്ങളോടും പ്രാർത്ഥിച്ച് കിടക്കുന്നു.
തനിയാവർത്തനം അല്ലാതെ എന്താ.
ശുഭം.



Comments